Hero Image

അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് ഭഗവതി ക്ഷേത്രത്തിൽ ഇന്ന് പത്താം പൂരം; പള്ളിവേട്ടയും ഇന്ന് നടക്കും

ചരിത്ര പ്രസിദ്ധമായ തിരുമാന്ധാംകുന്ന് ഭഗവതി ക്ഷേത്രത്തിലെ പത്താം പൂര ദിനമായ ഇന്ന് ഏറ്റവും ആകർഷകമായ പള്ളിവേട്ട എഴുന്നള്ളിപ്പ് നടക്കും. ഇന്ന് വൈകുന്നേരം 4.30 ന് പന്തീരടി പൂജയ്ക്കും 21 പ്രദക്ഷിണത്തിനും ശേഷം പള്ളി വേട്ടയ്ക്കായി ഭഗവതി തെക്കേ നടയിലേക്ക് ഇറങ്ങും.

ഒറ്റ ചെണ്ട വാദ്യത്തോടെ ആന പുറത്തുള്ള ദേവിയുടെ എഴുന്നള്ളിപ്പ് നടക്കും.

പരിയാപുരം റോഡിലുള്ള വേട്ടേക്കരൻ കാവിൽ ക്ഷേത്രം ട്രസ്റ്റി വള്ളുവക്കോനാതിരി പന്നി എന്ന സങ്കല്പത്തിൽ ഒരുക്കി വെച്ച വരിക്കച്ചക്കയിൽ അമ്പെയ്യുന്നതാണ് പള്ളി വേട്ടയുടെ പ്രധാന ചടങ്ങ്. തിരിച്ച് പഞ്ചവാദ്യത്തിന്റെ അകമ്പടിയോടെ ദേവി പള്ളിവേട്ട കഴിഞ്ഞ് മടങ്ങും.

തുടർന്ന് 7.30ന് വടക്കേ ബലിക്കൽ പുരയിൽ ദീപാരാധനയ്ക്കു ശേഷം ഇരുപതാമത്തെ ആറാട്ടിനായി കൊട്ടിയിറക്കം നടക്കും. ഈ വർഷത്തെ അവസാന കളം പാട്ടും ഇന്നാണ് നടക്കുന്നത്. ആറാട്ടിന് ശേഷം പൂരം കൊട്ടിക്കയറിയതിന് ശേഷമാണ് കളംപാട്ട് നടക്കുക.

പത്താം പൂര ചടങ്ങുകൾക്ക് ഭഗവതിയെ പള്ളിക്കുറുപ്പിന് എഴുന്നള്ളിക്കുന്നതോടെ സമാപനമാവും. ഓട്ടൻ തുള്ളൽ, ചാക്യാർ കൂത്ത്, പെരുവനം കുട്ടൻ മാരാരുടെ പ്രമാണത്തിൽ പഞ്ചാരിമേളം തുടങ്ങി നിരവധി പരിപാടികളാണ് ക്ഷേത്രമുറ്റത്ത് അരങ്ങേറുക.

READ ON APP